ഞങ്ങളുടെ മഹല്ല് ഖാസി എന്ന രീതിയിൽ എം.ടി ഉസ്താദ് എനിക്കറിയാവുന്ന പണ്ഡിതനാണ്. അദ്ദേഹം അവരുടെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹത്തിന്റെ ശിഷ്യരോട് പറഞ്ഞ ചില കാര്യങ്ങൾ സാമൂഹ്യ മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇസ്‌ലാമിനെ വിശിഷ്യാ സമസ്തയെ എറിയാൻ ഒരു കാരണം കാത്തിരുന്ന ചിലർ അതിനെ വലിയ ഒരു അവസരമായിക്കണ്ടു മുതലെടുത്തു. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന രീതിയിലുള്ള ചില പ്രതികരണങ്ങളാണ് പിന്നീട് കണ്ടത്. പ്രതികരണങ്ങളെക്കാൾ പലതും പ്രതികാരങ്ങളായിരുന്നു എന്ന് വേണം കരുതാൻ.
കഴിഞ്ഞ ദിവസം അന്തരിച്ച യു.എ.ഇ പ്രസിഡന്റിന് വേണ്ടിയുള്ള അനുശോചനത്തെ തുടർന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഉസ്താദുമാർ നിലപാട് വ്യക്തമാക്കിയെങ്കിലും നേരെ വിപരീതമായാണ് പല മാധ്യമങ്ങളും റിപ്പോർട് ചെയ്തത്. നാണമില്ലേ നിങ്ങൾക്ക് ഇവരെയൊക്കെ ന്യായീകരിക്കാൻ എന്ന് എന്നോട് തന്നെ പലരും ചോദിച്ചിട്ടുണ്ട്. അതിലേറെ ആളുകൾ അങ്ങനെ ചിന്തിക്കുന്നുമുണ്ടെന്ന് എനിക്കറിയാം. അത് കൊണ്ട് തന്നെ ചില കാര്യങ്ങൾ നിർബന്ധമായും എഴുതണമെന്ന് തോന്നി .
ലജ്ജ വിശ്വാസത്തിന്റെ ഭാഗമാക്കിയ മതമാണല്ലോ ഇസ്‌ലാം. അത് കൊണ്ട് തന്നെ മുതിർന്ന പെൺകുട്ടികൾക്ക് പകരം പുരുഷന്മാർ കൂടി പങ്കെടുക്കുന്ന സമസ്തയുടെ മത സദസ്സുകളിൽ അവരുടെ രക്ഷിതാക്കളരെയാണ് വേദികളിലേക്ക് വിളിക്കാറുള്ളത് എന്നത് ഒരു പുതിയ കാര്യമല്ല. ആ പ്രോട്ടോകോൾ ലംഘിക്കപ്പെട്ടപ്പോൾ ഇടപെട്ടു എന്ന് മാത്രമാണ് ഉസ്താദ് ചെയ്തത്. അല്ലാതെ ചിലർ എഴുതി വിട്ട പോലെ ഒരാളെയും വേദിയിൽ നിന്ന് ഇറക്കി വിടുകയോ സമ്മാനം കൈമാറാതിരിക്കുകയോ എന്തിന് ശകാരിക്കുക കൂടി ചെയ്തിട്ടില്ലെന്നത് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാകും. പിന്നെ എങ്ങനെ അപമാനിക്കലാകും?
അപ്പോൾ സ്ത്രീ വിവേചനം ഇല്ലെന്നാണോ എന്ന് ചോദിക്കാൻ വരട്ടെ. സ്ത്രീയും പുരുഷനും എല്ലാ കാര്യങ്ങളിലും ഒരുപോലെയല്ല എന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണല്ലോ മുസ്ലിംകൾ. പല കാര്യങ്ങൾക്കും വ്യക്തമായ വേർതിരിവുകളുണ്ട്. ഇത് വിവേചനമല്ല. വേർതിരിവ് സ്ത്രീകളുടെ ആവശ്യം കൂടിയാണ്. പലയിടങ്ങളിലും അവർക്ക് മുൻഗണനയും പരിഗണനയും ലഭിക്കാൻ ഇത് കാരണമാകുന്നു. കുടുംബത്തിന് ചിലവിനു വക കണ്ടെത്തുക എന്നത് പുരുഷന്റെ ഉത്തരവാദിത്വമാകുന്നതും അങ്ങനെയാണ്. ഈ വേർതിരിവുകളൊന്നുമില്ലാതെയുള്ള ലോകം ചിലരുടെ ഭാവനാ സൃഷ്ടി മാത്രമാണ്. കാരണം, ഒരു പുരുഷന് എല്ലാ കാര്യത്തിലും സ്ത്രീയെ പോലെയാകാനോ ഒരു സ്ത്രീക്ക് എല്ലാം കൊണ്ടും പുരുഷനെ പോലെ ആകാനോ സാധ്യമല്ലെന്ന് ഓരോരുത്തരുടെയും ശാരീരിക മാനസിക വ്യത്യാസങ്ങൾ അറിയാവുന്ന ആർക്കും മനസിലാകും. ഒരു വ്യത്യാസവുമില്ല എന്ന് വാദിക്കുന്നവർ മനുഷ്യന്റെ സ്വാഭാവികമായുള്ള അസംത്യപ്ത മനസ്സിനെ ചൂഷണം ചെയ്യുകയാണെന്ന് മാത്രം. ഇവരുടെ ബാലിശമായ വാദങ്ങളെ അംഗീകരിക്കാത്തവരെ അവർ പിന്തിരിപ്പൻമാരെന്നോ പ്രാചീനരെന്നോ പ്രാകൃതരെന്നോ ഒക്കെ ആക്ഷേപിക്കും. പെൺകുട്ടികളെ സ്റ്റേജിൽ കയറ്റിയാൽ തീരുന്ന രോഗവുമല്ലിത്. അവർക്ക് തോന്നുന്നത് പോലെ തുള്ളലല്ലല്ലോ വിശ്വാസികളുടെ പണി. ശബരിമല വിഷയത്തിൽ അവർ കുറെ കുത്തി നോക്കിയതാണല്ലോ. ആ കളിയൊന്നും ഇവിടെ വിലപ്പോകില്ലെന്ന് അവർക്ക് തന്നെ അറിയാം.
സമസ്തയെന്നാൽ ഇസ്‌ലാമല്ലെന്നും സമ്മാനം വാങ്ങേണ്ടത് രക്ഷിതാക്കളല്ലെന്നും പറഞ്ഞ് ഉറഞ്ഞു തുള്ളുന്ന മറ്റു ചിലർ ഒരു സ്ത്രീക്ക് ചോദിച്ച് വാങ്ങാൻ അവകാശമുള്ള മഹർ എന്ന വിവാഹ സമ്മാനം പോലും ആ പെൺകുട്ടിക്ക് വേണ്ടി ഏറ്റുവാങ്ങുന്നത് അവരുടെ രക്ഷിതാക്കളാണെന്നത് മറന്നു പോകുകയാണ്. അത്രമാത്രം പ്രാധാന്യം ഇസ്‌ലാം രക്ഷിതാക്കൾക്ക് നൽകുന്നുണ്ട്. രക്ഷിതാക്കൾ എന്ന പദം തന്നെ ചിലർക്ക് അരോചകരമായി തോന്നുന്നത് സ്വാഭാവികം.
ഈ പ്രായമുള്ള കുട്ടികളെയൊക്കെ ആരെങ്കിലും വേറെ കണ്ണ് കൊണ്ട് നോക്കുമോ എന്ന ഓൺലൈൻ ആങ്ങളമാരുടെ ചോദ്യത്തിനു മലപ്പുറത്തെ ശശിമാഷിന്റെ കുട്ടികൾ മറുപടി നൽകിയിട്ടുണ്ട്. നമ്മുടെ മക്കൾ നമുക്കെന്നും കുട്ടികളായിരിക്കും. എന്നാൽ എല്ലാവരും അങ്ങനെയെ ചിന്തിക്കൂ എന്ന് നമുക്ക് ഉറപ്പിക്കാനാകില്ലല്ലോ.
പുര കത്തുന്നത് കണ്ട് വാഴ വെട്ടാൻ കത്തിയുമായെത്തിയ പലരും പ്രശ്‍നം ആളിക്കത്തിക്കാനായി സ്ത്രീ വിദ്യാഭ്യാസത്തിനു തന്നെ സമസ്ത എതിരാണെന്ന് തട്ടി വിട്ടു. ഈ പറയപ്പെട്ട പരിപാടി പോലും ഉന്നത വിജയികളെ ആദരിക്കുന്നതുകൂടിയാണെന്നതും കൂടുതൽ പ്രസവിച്ചവർക്കുള്ള സമ്മാനമല്ല അവിടെ നല്കാനുണ്ടായിരുന്നത് എന്നതും ആവേശത്തിൽ അവർ മറന്ന് പോയി.
ഓരോ സംഘടനകൾക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. അതിൻറേതായ പ്രോട്ടോകോളുകളും കാണും. അതനുസരിച്ച് പ്രവർത്തിക്കാൻ അവർക്കവകാശമില്ലേ ? ഏതെങ്കിലും വേദികളുടെ കാര്യമല്ലല്ലോ ഉസ്താദ് പറഞ്ഞത്. സമസ്തയുടെതല്ലേ.
സമുദായത്തിൽ സ്ത്രീകളായ പ്രഫഷനലുകൾ ഉണ്ടാകുന്നത് പഠിച്ചിട്ട് തന്നെയാണ്. സമസ്ത അവരുടെ ആരുടെയെങ്കിലും പഠനം മുടക്കിയിട്ടുണ്ടോ? കിട്ടിയ തക്കം നോക്കി പണ്ഡിതന്മാർക്കെതിരെ കുതിര കയറാൻ വന്നാൽ മിണ്ടാതെയിരിക്കുമെന്ന് ആരും കരുതേണ്ടതില്ല.
ചിലർക്ക് ഇതൊക്കെ താലിബാനിസം ആണത്രെ. അങ്ങനെയെങ്കിൽ ഇതിനകം കേരളം ഒരു അഫ്‌ഗാനിസ്താനാകുമായിരുന്നു. നൂറു വർഷത്തോളം പാരമ്പര്യമുള്ള ഈ സംഘടന തീവ്രവാദ സ്വഭാഗമുള്ള സംഘടനകളെ നേരത്തെ കണ്ടെത്തി അണികൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ കാണിച്ച ജാഗ്രത വിവരമുള്ള പലരും എടുത്ത് പറയുന്നവയാണ്. ഓരോ സംഘടനക്കും അതിന്റേതായ നിയമങ്ങളുണ്ടാകും. മത സംഘടനയാകുമ്പോൾ മറ്റുള്ളവർക്ക് ദഹിക്കാൻ പ്രയാസമുള്ള പലതും കാണും. കാലാനുസൃതം എന്നാൽ നിലപാടുകളിൽ വെള്ളം ചേർക്കലല്ല. രീതികളിൽ വരുന്ന മാറ്റങ്ങളാണത്.
മൗനം പോലും സമ്മതമായി കാണുന്ന ഈ കാലത്ത് ഉസ്താദ് കാണിച്ച ജാഗ്രത എന്നും വിശ്വാസികൾ ഓർക്കും. ഇത് പോലെ ആദർശം പറയുന്ന ചിലരെങ്കിലും ഉണ്ടായത് കൊണ്ടാണ് ഇസ്‌ലാം എന്നത് വ്യക്തമായി ഇന്നും നിലനിൽക്കുന്നത്.
ടി ടി ജംഷാദലി വട്ടപ്പറമ്പ്
No comments:
Post a Comment